Thursday, October 23, 2008

യോഗി

“വില്ക്കുവാനുണ്ടോ പഴങ്കടലാസ് ?” പലമട്ടി -
ലിക്കുരൽ ആവർത്തിച്ചെൻ പടിവാതിലിൽ വന്നോൻ
ഉത്തരം കേൾക്കുംമുമ്പേ കെട്ടുതാഴ്ത്തുന്നു, മെല്ലെ
നെറ്റിമേൽ വിയർപ്പുചാൽ തൂക്കുന്നു പുറങ്കയ്യാൽ.

ഇവനീ സമത്വത്തിൻ ചാക്കുതാഴ്ത്തുമ്പോളെന്റെ
നിനവിൽ നിറവാർന്നൊരദ്ഭുതം തുളുമ്പുന്നോ ?
ഇവനേ യമി, ഭേദഭാവനയറ്റോൻ, ധീരം
സ്ഥിരമാം മതേതരപാതയിൽ ചരിക്കുന്നോൻ,

ഗീതയും കുരിശ്ശിന്റെ പാതയും നവലോക -
മാനിഫെസ്റ്റോയും ജന്തുശാസ്ത്രവും ചരിത്രവും
കുത്തുവിട്ടൊരുമിച്ചു മേളിക്കും മഹായോഗ -
ശക്തിയാണിവൻ സ്വന്തം മണ്ടയിൽ ചുമക്കുന്നു.

പൈങ്കിളിക്കുഞ്ഞിൻ രാമകഥയാകിലും കൊള്ളാം
പൈങ്കിളിപ്രണയത്തിൻ പതയാകിലും കൊള്ളാം
“ഇല്ലിഹ സംഗംലേപമെന്നിവ“ ത്രാസിൻചൂണ്ടു -
കമ്പിതൻ മുനമാത്രമേകമാം മഹാസത്യം.

കുങ്കുമസുഗന്ധം ഞാനാസ്വദിക്കുന്നു, പക്ഷേ
കിംഫലം? കരഞ്ഞെന്റെ കാമവും തീർത്തീടുന്നു;
ഗന്ധഭേദങ്ങൾ നിനക്കന്യമാണെങ്കിൽ പോലും
എന്തൊരു ബലം നിന്റെ ചോടിനും ഭുജങ്ങൾക്കും!

എന്തു ഞാൻ നിനക്കാ‍യിക്കാണിക്കവയ്ക്കും, കയ്യിൽ
പിഞ്ഞിയ ബിരുദത്താൾ മാത്രമാണല്ലോ ബാക്കി;
നന്ദി - നീയഴിച്ചിട്ടൊരീപ്പെരും പൊരുളിന്റെ
മുന്നിൽ ഞാൻ വണങ്ങുന്നു, നന്ദി, സോദരാ നന്ദി.


മലയാളകവിത 1988

1 comment:

arun viswanadhan said...

ഇതും ഇഷ്ടായ് ... വ്യത്യസ്തമായിട്ടുണ്ട് ..