Thursday, October 30, 2008

അണ്ണാർക്കണ്ണന്മാർ

പുലർച്ചയ്ക്ക് ചായക്കടയിൽ
ചുടുപത്രം രുചിച്ച്
പക്ഷം പിടിച്ച്
വ്യാക്ഷേപകം ഉതിർക്കുന്നവർ -
സുവിശേഷങ്ങളിൽ
ഇവർക്കും സ്ഥാനം കൊടുക്കണം.

തന്നാലായതുചെയ്യുന്നോർ,
അണ്ണാർക്കണ്ണന്മാർ;

പിലാത്തോസിനു കൈകഴുകാൻ
വെള്ളം കൊണ്ടുവരുന്നവൻ,
ആണിയും ചുറ്റികയും കൊണ്ട്
ക്രൂശിനെ പിൻതുടരുന്നവൻ,
ചരിത്രത്തിൽ ഇവരുടെ പേരും വേണം.
അവരവർക്കറിയാം
അവരവരുടെ പാട്.

മന്ത്രി, പൊലീസ്, പിമ്പ്,
ആരെയും വിധിക്കരുത്.

കുരിശുപോലെതന്നെ
ആണിയും അവശ്യവസ്തുവാണ്.

തിരുമുമ്പിൽ ഏവരും സമന്മാർ.
ആദ്യം സ്വർഗത്തിലെത്തുന്നത്
ഒരുപക്ഷേ
ഈ ഹെഡ് കോൺസ്റ്റബിൾ ആകാം.
ആമേൻ.



ദേശാഭിമാനി വാരിക 1995

No comments: