വഴിയും മൊഴിയുടെ
വരവഴി കവിവഴി,
അകതാളങ്ങളി -
ലുണരും തെളിവഴി.
രാവിൻ തിരിവഴി,
നോവിൽ കുളിർവഴി;
കണയെത്തടയാ -
നുണരും മുനിവഴി,
ഉതിരത്തിരകളി -
ലുയിരിൻ തിരുവഴി,
പ്രളയത്തിരകളി -
ലരയാലിലവഴി,
പഴുതില്ലായ്മയി -
ലുരുളും തേർവഴി,
ചുഴലും ചുവരുകൾ
പിളരും പോർവഴി;
ഓരോ ഋതുവിനു,
മോരോ മലരിനു,
മോരോ കനവിനു,
മോരോ നോവിനു,
മോരോ തരമാ -
യേറെ വഴി.
മുഖമില്ലായ്മക -
ളലയും വഴികളി -
ലുയരും മുഖവഴി,
ആത്മവഴി.
ഉടുതുണിയില്ലാ -
തരചൻ നീങ്ങും
കരിവഴിവക്കിലൊ -
രുണ്ണിവഴി.
കരയും കുഞ്ഞിൻ
പ്രാണനിൽ മധുരം
ചൊരിയാനുരുകുമൊ -
രമ്മവഴി.
അപമാനിതയാ -
യമ്മതപിക്കെ
തിരുമാർ പിളരും
ഭൂമിവഴി.
കുടിലത കുന്നായ്
കുരിശേന്തുമ്പോൾ
മൃതിവിട്ടുണരും
ജീവവഴി.
ഉയിരിൻ കമ്പന -
മോരോന്നോരോ -
കനവിൻ കനലായ്
തെളിയിച്ചൂതി,
നെടുരാവറയിൽ
പുലരികൾ കാക്കും
കവിയുടെ വഴിയൊരു
സൂര്യവഴി.
ഗ്രന്ഥാലോകം 1996
Subscribe to:
Post Comments (Atom)

2 comments:
'കവി വഴി'- കടലാസ്സില്‍ പതിയുന്ന കവിയുടെ മനസ്സിന്റെ താളം
ചെറിയ മനോഹരമായ വരികള്‍ ...നന്നായിട്ടുന്ടേ
നന്ദി അരുൺ...
Post a Comment