Sunday, October 26, 2008

കവിവഴി

വഴിയും മൊഴിയുടെ
വരവഴി കവിവഴി,
അകതാളങ്ങളി -
ലുണരും തെളിവഴി.

രാവിൻ തിരിവഴി,
നോവിൽ കുളിർവഴി;

കണയെത്തടയാ -
നുണരും മുനിവഴി,
ഉതിരത്തിരകളി -
ലുയിരിൻ തിരുവഴി,
പ്രളയത്തിരകളി -
ലരയാലിലവഴി,
പഴുതില്ലായ്മയി -
ലുരുളും തേർവഴി,
ചുഴലും ചുവരുകൾ
പിളരും പോർവഴി;

ഓരോ ഋതുവിനു,
മോരോ മലരിനു,
മോരോ കനവിനു,
മോരോ നോവിനു,
മോരോ തരമാ -
യേറെ വഴി.

മുഖമില്ലായ്മക -
ളലയും വഴികളി -
ലുയരും മുഖവഴി,
ആത്മവഴി.

ഉടുതുണിയില്ലാ -
തരചൻ നീങ്ങും
കരിവഴിവക്കിലൊ -
രുണ്ണിവഴി.

കരയും കുഞ്ഞിൻ
പ്രാണനിൽ മധുരം
ചൊരിയാനുരുകുമൊ -
രമ്മവഴി.
അപമാനിതയാ -
യമ്മതപിക്കെ
തിരുമാർ പിളരും
ഭൂമിവഴി.

കുടിലത കുന്നായ്
കുരിശേന്തുമ്പോൾ
മൃതിവിട്ടുണരും
ജീവവഴി.

ഉയിരിൻ കമ്പന -
മോരോന്നോരോ -
കനവിൻ കനലായ്
തെളിയിച്ചൂതി,
നെടുരാവറയിൽ
പുലരികൾ കാക്കും
കവിയുടെ വഴിയൊരു
സൂര്യവഴി.



ഗ്രന്ഥാലോകം 1996

2 comments:

arun viswanadhan said...

'കവി വഴി'- കടലാസ്സില്‍ പതിയുന്ന കവിയുടെ മനസ്സിന്റെ താളം
ചെറിയ മനോഹരമായ വരികള്‍ ...നന്നായിട്ടുന്ടേ

പി. മധു said...

നന്ദി അരുൺ...