ഒന്ന്:
ഒരു ദരിദ്രനാം ബാലകൻ, നിന്ദിതൻ,
പതിതയാം ദാസി പെറ്റുവളർത്തവൻ,
അവനു ദു:ഖവും ദാഹവും നെഞ്ചിൽ
തിരയിളക്കുന്ന ശ്രദ്ധയായ് തീർന്നുപോൽ.
വ്രതനിബദ്ധനായ് ജ്ഞാനമോരാനവൻ
പടിയിറങ്ങവേ തായയോടോതിനാൻ:
“പറയുകേതെന്റെ ഗോത്രം; മഹാർഘമാം
അറിവു തേടി ഞാൻ യാത്രയാണംബികേ”.
ചകിതയായില്ല, ചൊന്നവൾ, “വത്സ, ഞാൻ
അറിയുകില്ല നിൻ ഗോത്രം, പിറന്നു നീ
പലതരം ദാസ്യവേലയിൽ പൂണ്ടൊരെൻ
തണലു കാണാത്ത താരുണ്യവേളയിൽ.
പറയുകാചാര്യനോടു ജബാലതൻ
തനയനാം സത്യകാമനാണെന്നു നീ”.
ജനനി പുത്രന്നു നല്കുന്ന നേരിലു -
ണ്ടതിരു കാണാത്ത മർത്ത്യാഭിജാത്യവും,
പതിതചര്യയിൽ ബദ്ധമായ്, സ്വപ്നവും
കതിരുമില്ലാത്ത ക്ഷുദ്രയാഥാർത്ഥ്യവും.
രണ്ട്:
ഇവനുകൂടി - എൻ കുഞ്ഞിനും കൂടിയാ -
ണിവിടെയുർവ്വിയിൽ കാണുന്ന വീഥികൾ,
ഇവനു കൂടിയാണാഗ്നേയഗീതികൾ,
ഇവനുമുള്ളതാണർക്കേന്ദുവഹ്നികൾ !
ശരണമില്ലാത്ത പാതയിൽ, ജീവിതം
തിരയുവാൻ യാത്രയാകുവോർക്കൊക്കെയും
അമരമാകുന്ന സ്വത്വമായ് നീരവം
നിനവിനാലമ്മ നേർന്നതാണീവരം.
ഭയവു, മാത്മാവു മൂടുന്ന മോഹവും
വഴിമുടക്കുന്ന ഭേദഭാവങ്ങളും,
ഒഴിയുവാൻ, മുലപ്പാലിൻ പ്രവാഹമായ്
ഒഴുകി വാർന്നുള്ള കാരുണ്യമീവരം.
കഥകളാൽ, നുണക്കൂട്ടിനാൽ, വില്ലിനാൽ,
സ്മൃതികളാൽ, വന്യനീതിയാൽ, നഞ്ചിനാൽ,
അഴകുമന്നവും മണ്ണും കവർന്നിടും
ചതികളില്ലാത്ത കാലം വരുംവരെ
ഇതു തളർന്നിടും നേരത്തു ശക്തിയാം
ഇരുളു ചൂഴുന്ന നേരത്തു ലക്ഷ്യമാം.
ദേശാഭിമാനി വാരിക 1994
---------------------------------------
* ഛാന്ദോഗ്യോപനിഷത്ത് നാലാം അദ്ധ്യായത്തിലുള്ള സത്യകാമന്റെ കഥ ഓർക്കുക.
Subscribe to:
Post Comments (Atom)

6 comments:
കവിത എഴുതിയാല്‍ പോര മാഷെ. ഞങ്ങള്‍ ഒക്കെ അറിയട്ടെ. പിന്നെ അക്ഷരങ്ങളുടെ വലുപ്പം കൂട്ടണം
നന്ദി കർത്താജി...
അക്ഷരങ്ങളുടെ വലിപ്പം കൂട്ടാം...
പോരട്ടെ ഇനിയും ഇനിയും..:)
ഓ.ടോ. വേര്‍ഡു വെരി വേണ്ടെന്നു തോന്നുന്നു.
ഈടുള്ള വരികള്‍ ...ഇഷ്ടായ്
kollam sir kooduthal kavithakal pratheekshikkunnu
Post a Comment